രാജപുരം: മലയാറ്റുകര ക്വാറി സമരം തുടരും. മേയ് ഒന്നിന് കോടോം-ബേളൂർ പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ചും ധർണയും നടത്തും. ഏപ്രിൽ ഏഴിന് തുടങ്ങിയ സത്യഗ്രഹ സമരത്തിൽ 516 പേർ പങ്കെടുത്തു. സമരവുമായി ബന്ധപ്പെട്ട് സിപിഎം, ബിജെപി, കോൺഗ്രസ്, സിപിഐ, മുസ്ലിം ലീഗ് തുടങ്ങി രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾക്ക് കത്ത് നൽകിയിട്ടുണ്ട്
ഇതിന്റെ വെളിച്ചത്തിൽ രാഷ്ട്രീയ പാർട്ടികൾ ക്വാറി മാഫിയക്ക് അനുകൂലമായോ പ്രതികൂലമായോ നിലപാട് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
പഞ്ചായത്ത് മുൻ ഭരണസമിതി ജനവാസ കേന്ദ്രത്തിൽ വൻകിട ക്വാറിക്ക് നൽകിയ അനുമതി റദ്ദാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം. കിനാനൂർ-കരിന്തളത്തും മടിക്കൈയിലും ബളാലിലും അടക്കം പഞ്ചായത്ത് അനുമതി കൊടുത്ത ചില പദ്ധതികൾ ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി റദ്ദു ചെയ്തിട്ടുണ്ട്. ഭരണസംവിധാനങ്ങൾ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളണമെന്നും ഭാരവാഹികൾ പറഞ്ഞു.
നാളെ മുതൽ കുടിൽ കെട്ടി സമരം നടത്തും. സമരത്തിൽ ഒരു കുടുംബത്തിന്റെ പ്രതിനിധി സത്യഗ്രഹമിരിക്കും. ക്വാറി പ്രവർത്തനം നിർത്തും വരെ സമരം. സമയപരിധി ലംഘിച്ച് ഓടുന്ന ടിപ്പറുകൾ ജനകീയ സമിതിയുടെ നേതൃത്വത്തിൽ തടയാനും തീരുമാനിച്ചതായി വാർഡ് മെംബർ സജിത ശ്രീകുമാർ, യു. തമ്പാൻ നായർ, മധു നർക്കല, രമേശൻ മലയാറ്റുകര, വി.കെ. രാജൻ, എം.ഡി. രാജൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.